ന്യൂഡൽഹി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് കൈകാര്യം ചെയ്യും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രചോദനാത്മകമായ നേട്ടങ്ങൾ കൈവരിച്ചവരാണ് വനിതാ ദിനത്തിൽ പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുക. പ്ലാറ്റ്ഫോം തന്റേതാണെങ്കിലും അതിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കങ്ങൾ അവരുടെ കഥകളായിരിക്കുമെന്നും അവർ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും അന്നേദിവസം തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളിലൂടെ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങി വിവിധ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലുള്ള മോദിയുടെ അക്കൗണ്ടുകളാണ് അന്നേദിവസം സ്ത്രീകളുടേതാവുക. സ്വന്തം മേഖലയിൽ മികവ് പുലർത്തിയ, നവീകരണങ്ങൾ കൊണ്ടുവന്ന, സമൂഹത്തിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളായിരിക്കും അവർ. മാർച്ച് 8 ന്, തങ്ങളുടെ അനുഭവങ്ങൾ അവർ രാജ്യവുമായി പങ്കിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ അവസരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, NaMo ആപ്പിൽ പ്രത്യേക ഫോറം വഴി അപേക്ഷിക്കാവുന്നതാണെന്നും മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നിങ്ങളുടെ സന്ദേശം ലോകത്തെ അറിയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2020-ൽ സമാനമായ രീതി പ്രധാനമന്ത്രി കൈക്കൊണ്ടിരുന്നു. അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ഏഴ് പ്രമുഖ വനിതകൾക്ക് മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറിയതിന്റെ തുടർച്ചയാണ് ഇത്തവണ നടക്കുന്നത്.
എക്സ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവാണ് നരേന്ദ്രമോദി. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ആഗോള നേതാക്കളിൽ ഒരാൾ കൂടിയാണ്.















