കോഴിക്കോട്: ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം. ആശാ വർക്കർമാരുടെ സമരം പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണെന്ന് കേന്ദ്ര കമ്മിറ്റിയംഗം പറഞ്ഞു. പാർട്ടി പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആശാ വർക്കർമാരുടെ ജീവിതസമരത്തെ നാടകം എന്ന് വിളിച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പുച്ഛിച്ച് തള്ളിയത്.
ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണ്. ഈ സമരത്തെ എൽഡിഎഫ് വിരുദ്ധ മാദ്ധ്യമങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് മുന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന്റെ ആവർത്തനമാണിത്. അരാജക സംഘങ്ങളുടെ കെണിയിൽ പെട്ടവരാണ് ആശാ വർക്കർമാർ. അവരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നതെന്ന് എളമരം കരീം പറഞ്ഞു.
ആരോഗ്യമേഖലയിലെ അടിസ്ഥാന തൊഴിലാളി വർഗമാണ് ആശമാർ. അത്തരം ഒരു വിഭാഗത്തെയാണ് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പരിഹസിച്ച് തള്ളിയത്. മുൻപ് പെമ്പിളൈ ഒരുമൈ സമരത്തെ സിപിഎം നേതാവ് എം.എം മണി വിശേഷിപ്പിച്ചത് കേരളീയ സമൂഹം ഇന്നും മറന്നിട്ടില്ല. ആശാ വർക്കർമാർക്ക് ലഭിക്കുന്ന ബഹുജന പിന്തുണയെ സിപിഎം ഭയന്നു തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് എളമരം കരീമിന്റെ ലേഖനം.
ആശാ വർക്കർമാർ നടത്തുന്ന സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം 15 ദിവസത്തിലേക്ക് കടന്നു. എളമരം കരീമിന്റെ പ്രസ്താവനയെ വിലകുറഞ്ഞത് എന്നാണ് സമരനേതാക്കൾ വിശേഷിപ്പിച്ചത്. സമരം നടത്താനുള്ള കുത്തക സിഐടിയുവിന് മാത്രമല്ല. ആശാ വർക്കർമാർ ഉയർത്തിയ ആവശ്യങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്ന് നേതാക്കൾ പറയുന്നു.















