ന്യൂഡൽഹി: മുസ്ലീങ്ങൾക്കിടയിൽ അനന്തരസ്വത്ത് വിഭജിക്കുമ്പോൾ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി.പി സുഹ്റ ആരംഭിച്ച നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. ഒറ്റയാൾപോരാട്ടമെന്ന നിലയിൽ ഡൽഹിയിലെ ജന്തർമന്ദറിൽ തുടങ്ങിയ നിരാഹാരസമരം മരണംവരെ തുടരുമെന്നായിരുന്നു സുഹ്റ പറഞ്ഞിരുന്നത്. ഒടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടതോടെ സമരം താത്കാലികമായി നിർത്താൻ തീരുമാനിക്കുകയായിരുന്നു വി.പി സുഹ്റ.
വിഷയത്തിൽ ഇടപെടാമെന്നും കേന്ദ്രമന്ത്രിമാരെ കാണുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകാണെന്നും സുരേഷ് ഗോപി ഉറപ്പുനൽകിയതായി വി.പി സുഹ്റ അറിയിച്ചു. സുരേഷ് ഗോപിയുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്ര നിയമമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാശിശുക്ഷേമ മന്ത്രി എന്നിവരെ രണ്ടുദിവസത്തിനകം കാണാൻ ശ്രമിക്കുമെന്നും ഡൽഹിയിൽ തുടരുമെന്നും സുഹ്റ പറഞ്ഞു. മുസ്ലീം വ്യക്തിനിയമം പരിഷ്കരിക്കണമെന്നതാണ് വിപി സുഹ്റ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഇത്തരം നിയമങ്ങൾ കാരണം മുസ്ലീം സ്ത്രീകൾ കാലങ്ങളായി ദുരിതം അനുഭവിക്കുകയാണെന്നും ഇത് മനുഷ്യാവകാശ പ്രശ്നമാണെന്നും സുഹ്റ ചൂണ്ടിക്കാട്ടുന്നു.















