ഡൽഹി ഖജനാവ് കാലിയാക്കിയാണ് ആം ആദ്മി പാർട്ടി സർക്കാർ പടിയിറങ്ങിയതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത. ഖജനാവ് കാലിയാണെങ്കിലും ബിജെപി വാഗ്ദാനങ്ങളിൽ ഉറച്ച് നിൽക്കും. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയ്‌ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തിയത്. വികസിത ഡൽഹിയെന്നതാണ് ബിജെപി സർക്കാരിന്റെ അജണ്ടയെന്ന് സച്ച്ദേവ പറഞ്ഞു.സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
അരവിന്ദ് കേജരിവാളിന്റെ മദ്യനയ അഴിമതി ഡൽഹി ഖജനാവിന് 2,026 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രേഖാ ഗുപ്ത സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ ധനകാര്യ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്തിരുന്നു.















