കോട്ടയം: പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ഇരാറ്റുപേട്ട പൊലീസ് രജിസ്റ്റർ കേസിലാണ് നീക്കം.
വിദ്വേഷപരാമർശമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് നൽകിയ പരാതിയിൽ പിസി ജോർജ് മുൻകൂർ ജാമ്യം തേടിയെങ്കിലും അപേക്ഷ തള്ളിയിരുന്നു. തുടർന്ന് ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപായി കീഴടങ്ങുമെന്ന് പാലാ ഡിവൈഎസ്പിയെ പിസി ജോർജ് രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ പിസിയുടെ വീട്ടിൽ അറസ്റ്റ് നടപടികൾക്കായി പൊലീസ് സംഘം തടിച്ചുകൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് നേരെ ഈരാറ്റുപേട്ട കോടതിയിലെത്തി പിസി ജോർജ് കീഴടങ്ങിയത്.
നാക്കുപിഴ സംഭവിച്ചതാണെന്നും പ്രസ്താവന തിരിച്ചെടുക്കുകയാണെന്നും പിസി ജോർജ് വ്യക്തമാക്കിയിരുന്നു. സംഭവിച്ച പിഴവിന് മാപ്പ് പറയുകയും ചെയ്തു. കോടതിയിലും അദ്ദേഹം ഖേദപ്രകടനം നടത്തി. എന്നാൽ വാവിട്ടുള്ള പ്രയോഗങ്ങൾ ആവർത്തിച്ചതിനാൽ പിസി ജോർജ്ജിന്റെ ക്ഷമാപണം കോടതി നിരസിക്കുകയായിരുന്നു.















