ന്യൂഡൽഹി: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഝണ്ഡേവാലൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ബിജെപി നേതാക്കളോടൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. പ്രത്യേക പൂജയിൽ പങ്കെടുത്ത് പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് രേഖ ഗുപ്തയും അനുയായികളും ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നിലവിൽ അരവിന്ദർ സിംഗ് ലവ്ലിയെയാണ് പ്രോടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. നാളെ ഗവർണർ വി കെ സക്സേന നിയമസഭയെ അഭിസംബോധന ചെയ്യും.
ഫെബ്രുവരി 26-ന് രാവിലെ 11 മണിക്കാണ് നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്. അതിന് ശേഷം ഡൽഹി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം മുൻ സർക്കാരുകൾ ദുരുപയോഗം ചെയ്തുവെന്ന് രേഖ ഗുപ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓരോ പൈസയ്‌ക്കും അവർ ജനങ്ങൾക്ക് മുന്നിൽ കണക്ക് പറയേണ്ടിവരും. ഡൽഹിയിലെ ജനങ്ങൾക്ക് ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.















