പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്ത ശേഷമാണ് താരം മടങ്ങിയത്.
ത്രിവേണീ സമാഗമത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് നിലത്ത് മുട്ടുകുത്തി പ്രണമിച്ച ശേഷമാണ് അദ്ദേഹം മറ്റു ഭക്തർക്കൊപ്പം ‘ഷാഹി സ്നാനം’ ചെയ്തത്. വെള്ള കുർത്തയും പൈജാമയും ധരിച്ചാണ് അക്ഷയ് എത്തിയത്. സ്നാനത്തിനുശേഷം ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത താരം പ്രാർത്ഥനയ്‌ക്കുശേഷം മടങ്ങി.
ത്രിവേണീ സംഗമത്തിലെ ‘ഷാഹി സ്നാൻ’ എന്നറിയപ്പെടുന്ന രാജകീയ സ്‌നാനം ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നേരത്തെ അനുപം ഖേർ, വിക്കി കൗശൽ, തമന്ന ഭാട്ടിയ തുടങ്ങിയ ബോളിവുഡ് താരങ്ങളും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പുണ്യ അനുഭവത്തിനായി കുംഭമേളയ്‌ക്കെത്തിയിരുന്നു.
View this post on Instagram
പുതുമുഖ താരമായ വീർ പഹാരിയ, സാറാ അലിഖാൻ, നിമ്രത് ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ച ‘സ്‌കൈ ഫോഴ്സ്’ ആണ് അക്ഷയ്‌കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കേസരി ചാപ്റ്റർ 2, ജോളി എൽഎൽബി 3, ഹൗസ്ഫുൾ 5, ഭൂത് ബംഗ്ല, ഹേരാ ഫേരി 3, വെൽക്കം ടു ദി ജംഗിൾ തുടങ്ങി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഒരു നിര തന്നെ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.