ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ. കുടുംബത്തോടൊപ്പമാണ് തമന്ന പ്രയാഗ് രാജിലെത്തിയത്. ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാവി നിറത്തിലുള്ള കുർത്ത ധരിച്ചാണ് തമന്ന എത്തിയത്. കുടുംബത്തോടൊപ്പം ത്രിവേണീ തീരത്ത് പ്രത്യേക പൂജകൾ നടത്തിയ ശേഷം പുണ്യസ്നാനം ചെയ്തു.
ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണിതെന്ന് തമന്ന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരുപാട് ആളുകളെ ഞാൻ കാണുന്നു. എല്ലാവരും സന്തോഷത്തോടെ കുംഭമേളയിൽ പങ്കെടുക്കുന്നു. എല്ലാവരും സ്വന്തം കാര്യങ്ങൾ പറയാനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്. എല്ലാവർക്കുമൊപ്പം സ്നാനം ചെയ്യാൻ കഴിഞ്ഞതിൽ സന്താേഷമുണ്ട്. എല്ലാവർക്കും ഒരുമിച്ച് ഇങ്ങനെയൊരു പുണ്യകർമം ചെയ്യാൻ കഴിയുന്നതിന് കാരണം നമ്മുടെ വിശ്വാസമാണെന്നും തമന്ന പറഞ്ഞു.
അക്ഷയ് കുമാർ, അനുപം ഖേർ, വിക്കി കൗശൽ, വിജയ് ദേവരക്കൊണ്ട, ജൂഹി ചൗള തുടങ്ങിയ ഒട്ടനവധി താരങ്ങൾ മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു.