വിക്കി കൗശലും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഛാവയെ നെഞ്ചേറ്റി പ്രേക്ഷകർ. ഫെബ്രുവരി 14 ന് തിയേറ്ററിലെത്തിയ ചിത്രം 10 ദിവസം പിന്നിടുമ്പോൾ 400 കോടിയിലേക്ക് കുതിക്കുകയാണ്. 325 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്.
മാറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഞായറാഴ്ച മാത്രം 40 കോടിയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ. അവധി ദിവസമായ ഇന്നലെ തിയേറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയിലെ അവസാന ദിവസങ്ങളിൽ ബോക്സോഫീസ് കളക്ഷനിൽ മുന്നേറാൻ ഛാവയ്‌ക്ക് സാധിച്ചിരുന്നു. ദിവസങ്ങൾ കൊണ്ട് 400 കോടി ക്ലബിൽ ഇടംനേടുമെന്നാണ് പുറത്തുവന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ഛാവ 2025-ലെ ബ്ലോക്ക് ബസ്റ്റർ വിജയമായി മാറുകയാണ്. ഇതിനിടെ പ്രേക്ഷകരുടെ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു.