ഉഗാണ്ട ജയിലിൽ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ വംശജയും സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകളുമായ വസുന്ധര ഓസ്വാൾ. വസുന്ധരയുടെ കമ്പനിയിലെ മുൻ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വ്യാജ കുറ്റം ചുമത്തിയാണ് വസുന്ധരക്കെതിരെ ഉഗാണ്ട പൊലീസ് കേസെടുത്ത്. മനുഷ്യാവകാശ ലംഘനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് ആഴ്ചയിലധികം വസുന്ധരയെ ജയിലിലടച്ചിരുന്നു.
സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് വസുന്ധര. ജയിൽവാസ സമയത്ത് തനിക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നും ഒരുപാട് മോശം അനുഭവങ്ങൾ നേരിട്ടെന്നും വസുന്ധര പറഞ്ഞു. “ശുചിമുറി ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. നമ്മുടെ ബിസിനസ് ശത്രുക്കളിൽ ചിലർ ഗൂഢാലോചന നടത്തിയതാണ് ഈ കേസ്. ആദ്യം അഞ്ച് ദിവസത്തേക്കാണ് എന്നെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രണ്ടാഴ്ച കൂടി ജയിലിലടച്ചു. എനിക്ക് ഭക്ഷണമോ വെള്ളമോ പോലും നൽകിയില്ല”.
“എനിക്ക് ആവശ്യമായ അവശ്യവസ്തുക്കൾ നൽകുന്നതിന് പോലും എന്റെ മാതാപിതാക്കളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയെന്നും” വസുന്ധര പറഞ്ഞു. ഇതിന് മുമ്പും ജയിലിലെ അനുഭവങ്ങളെ കുറിച്ച് വസുന്തര പറഞ്ഞിരുന്നു. രക്തവും മലവുമുള്ള ശുചിമുറികളെ കുറിച്ച് വസുന്തര ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പറഞ്ഞത്.
ഓസ്വാളിന്റെ ഉടമസ്ഥതയിൽ ഉഗാണ്ടയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) പ്ലാൻ്റിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് ഇരുപതോളം ആയുധധാരികൾ വസുന്ധരയെ പിടിച്ച് കൊണ്ടുപോയത്. വാറണ്ടോ തിരിച്ചറിയൽ രേഖയോ ഇല്ലാതെയാണ് പൊലീസ് എന്ന് അവകാശപ്പെട്ട സംഘം എത്തിയത്. നിരവധി കള്ളക്കേസുകൾ വസുന്ധരയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
വസുന്ധര തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച വ്യക്തിയെ കണ്ടെത്തിയിരുന്നു. എന്നിരുന്നാലും കേസ് തീർന്നതിന് ശേഷമാണ് വസുന്ധരയെ മാേചിപ്പിച്ചത്.















