ലക്നൗ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങൾ പ്രയാഗ്‌രാജിലേക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 60 കോടി ഭക്തരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ശിവരാത്രിയുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രയാഗ്‌രാജിൽ ഗതാഗത നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ട്രെയിൻ, വിമാനം, റോഡ് മാർഗം എത്തുന്നവരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. ശിവരാത്രി വരെ തിരക്ക് വർദ്ധന തുടരുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയ പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
ശിവരാത്രി ദിവസം അവസാന അമൃത് സ്നാനം ചെയ്യാനായി ഭക്തരുടെ വലിയ ഒഴുക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസവും റെയിൽവേ സ്റ്റേഷനുകളിൽ തിരക്കുണ്ടായിരുന്നു. ഇന്നലെ 102 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയത്. ശനിയാഴ്ച 149 ട്രെയിനുകളും സർവീസ് നടത്തി.
കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. 42 ദിവസത്തിനുള്ളിൽ 4.50 ലക്ഷത്തിലധികം പേരാണ് വിമാനമാർഗം കുംഭമേളയ്‌ക്കെത്തിയത്. അവസാനത്തെ അമൃത് സ്നാനത്തിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.