തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്‌ക്ക് പിന്നിൽ പ്രണയവും പണവും എന്ന് സൂചന. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഫര്‍സാനയും അഫാനുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. അഫാൻ ആദ്യം കൊലപ്പെടുത്തിയതും സല്‍മാ ബീവിയെയാണ്.
അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും എന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ അഫാന് ലഭിച്ചില്ലെന്നാണ് സൂചിന.
ഫര്‍സാന പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ദ്വാരം പോലെയുളള മുറിവുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. ചുറ്റിക കൊണ്ട് നിരവധി തവണ അടിച്ചതിനാലാകാം അത്തരമൊരു മുറിവെന്നും ആശുപത്രിയിലുള്ള ജനപ്രതിനിധികള്‍ അറിയിച്ചു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല.
അഫാന്റെ മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.അഫാന്‍ പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ പ്രതി നാട്ടില്‍ വന്ന ശേഷമാണ് പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ട് വന്നത്. പ്രതിയുടെ അമ്മ ക്യാന്‍സര്‍ ബാധിതയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. അഫാന്റെ സഹോദരന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.
വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്‌ക്ക് കാരണമെന്നുമാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്‌ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടായത്. ഈ വിഷയത്തിൽ സഹായം തേടി ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നൽകി.സഹായം ചോദിച്ച് ബന്ധുക്കലെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നൽകി.















