അമൃത്സർ: യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് അമിത ഫീസ് വാങ്ങുന്ന വ്യാജ ട്രാവൽ ഏജന്റുമാർക്കെതിരെ നടപടിയുമായി പഞ്ചാബ്. സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 40 വ്യാജ ട്രാവൽ ഏജന്റുമാരുടെ ലൈസൻസുകൾ റദ്ദാക്കി. അടുത്തിടെ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ലൈസൻസ് പുതുക്കുന്നതിൽ പരാജയപ്പെട്ട നഗരത്തിലെ 271 ട്രാവൽ ഏജന്റുമാർക്ക് അമൃത്സർ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാവൽ ഏജന്റുമാരുടെയും ഇമിഗ്രേഷൻ കൺസൾട്ടന്റുകളുടെയും ഓഫീസുകളിലെ രേഖകൾ പരിശോധിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്ക് (എസ്ഡിഎം) നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രാവൽ പ്രൊഫഷൻസ് റെഗുലേഷൻ ആക്ട് പ്രകാരം ട്രാവൽ ഏജന്റുമാർ, ടിക്കറ്റിംഗ്, കൺസൾട്ടൻസി ബിസിനസുകൾ എന്നിവയെ നിയന്ത്രിക്കുന്നത്തിന് പഞ്ചാബ് സർക്കാരിന് പ്രത്യേക സംവിധാനമുണ്ട്. ഈ നിയമം നടപ്പിലാക്കിയതിനുശേഷം 3,300 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവയിൽ മിക്കതും. അവയിൽ മിക്കതും ലൈസൻസില്ലാത്ത ട്രാവൽ ഏജന്റുമാരാണ്.
പഞ്ചാബിൽ നിന്ന് അനധികൃതമായി കുടിയേറിയ 131 പേരെയാണ് യുഎസ് സൈനിക വിമങ്ങളിൽ ഇന്ത്യയിലേക്ക് തിരികെ അയച്ചത്. ഇതിൽ 7 പേർ മാത്രമാണ് ട്രാവൽ ഏജന്റുമാർക്കതിരെ പരാതിനൽകിയത്. 17 കേസുകൾ രജിസ്റ്റർ ചെയ്തതായും മൂന്ന് ട്രാവൽ ഏജന്റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പ്രവീൺ സിൻഹ അറിയിച്ചു.















