ലക്നൗ: ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി പ്രയാഗ്‌രാജിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇന്ന് വൈകുന്നേരം നാല് മണി മുതൽ പ്രയാഗ്‌രാജ് വാഹനനിരോധിത മേഖലയായി പ്രഖ്യാപിച്ചു. പ്രയാഗ്‌രാജിന്റെ എല്ലാ പ്രദേശങ്ങളിലും വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. അവശ്യവസ്തുക്കളുമായി പോകുന്ന ചരക്ക് വാഹനങ്ങൾക്ക് വിലക്ക് ബാധകമല്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പാൽ, പച്ചക്കറികൾ, മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല. ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം ബാധകമാകില്ല.
തിരക്ക് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭക്തർ അടുത്തുള്ള ഘട്ടുകളിൽ സ്നാനം ചെയ്യണമെന്ന് സർക്കാരിന്റെ പ്രത്യേക നിർദേശമുണ്ട്. പ്രയാഗ്‌രാജ് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഭരണകൂടം അറിയിച്ചു. വരുന്ന പ്രദേശങ്ങൾക്ക് അനുസരിച്ച് സ്നാനം ചെയ്യേണ്ട സ്ഥലങ്ങളെ കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ദിക്ഷിണി ജുൻസി റൂട്ടിൽ നിന്ന് വരുന്നവർ അരയ്ൽ ഘട്ടിൽ സ്നാനം ചെയ്യണം. ഉത്തിരി ജുൻസി മേഖലയിൽ നിന്നെത്തുന്നവർ ഹരിശ്ചന്ദ്ര ഘട്ടിലേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത് സ്നാനം പൂർത്തിയാക്കിയ ഉടൻ ഭക്തർ സ്ഥലത്ത് നിന്ന് മടങ്ങണമെന്നും ക്രമസമാധാനം നിലനിർത്താൻ സഹായിക്കണമെന്നും പൊലീസ് നിർദേശിച്ചു.















