ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവാദ മദ്യനയം കാരണം സംസ്ഥാനത്തിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ഗുപ്ത ഡൽഹി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി ആംആദ്മി സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്ന എല്ലാ സിഎജി (Comptroller and Auditor General of India) റിപ്പോർട്ടുകളും സമർപ്പിക്കുമെന്നാണ് ബിജെപി സർക്കാരിന്റെ പ്രഖ്യാപനം. 14 സിഎജി റിപ്പോർട്ടുകളാണ് ആംആദ്മി സർക്കാർ പൂഴ്‌ത്തിവച്ചത്. അതിലൊന്നാണ് ഇപ്പോൾ സമർപ്പിക്കപ്പെട്ടിരിക്കുന്ന റിപ്പോർട്ട്.
‘ഡൽഹിയിലെ മദ്യവിതരണം, നിയന്ത്രണം എന്നിവയിന്മേലുള്ള പെർഫോർമൻസ് ഓഡിറ്റ്’ എന്ന തലക്കെട്ടോടെ 2017-18 മുതൽ 2020-2 വരെയുള്ള കാലത്തെ മദ്യനയ വിവരങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. വിദേശ മദ്യത്തിന്റെയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെയും വിതരണം എപ്രകാരമാണ് ഡൽഹിയിൽ നടപ്പിലാക്കിയതെന്ന് റിപ്പോർട്ടിൽ അവലോകനം ചെയ്തിട്ടുണ്ട്.
സറണ്ടർ ചെയ്യപ്പെട്ട ലൈസൻസുകൾ വീണ്ടും ടെൻഡർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് 890 കോടി രൂപ നഷ്ടവും നടപടികളിലെ കാലതാമസവും സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകളും കാരണം 941 കോടി രൂപ നഷ്ടവും സംഭവിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വിവാദ മദ്യനയം ആംആദ്മി സർക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. പുതിയ എക്സൈസ് പോളിസി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രമുഖ ആംആദ്മി നേതാക്കളെല്ലാം അറസ്റ്റിലായി. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ, അക്കാലത്ത് ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ്, അന്നത്തെ എക്സൈസ് മന്ത്രി സത്യേന്ദർ ജെയിൻ എന്നിവർ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.
സിഎജി റിപ്പോർട്ടിൽ പറയുന്ന മറ്റ് പരാമർശങ്ങൾ:
2010ലെ ഡൽഹി എക്സൈസ് നിയമം റൂൾ 35 അനുസരിച്ച് മദ്യനയം നടപ്പാക്കാൻ ആംആദ്മി സർക്കാരിന് കഴിഞ്ഞില്ല. ഒരാൾക്ക് ഒന്നിലേറെ ബാർ ലൈസൻസുകൾ നൽകുന്നത് തടയുന്നതാണ് റൂൾ 35.
ലൈസൻസ് സറണ്ടർ ചെയ്യുന്നതിന് മുൻപ് ഉടമകൾക്ക് നോട്ടീസ് നൽകണമെന്ന് മദ്യനയത്തിൽ ഇല്ലായിരുന്നു. ഇത് വിതരണത്തിൽ പലവിധ തടസങ്ങളുണ്ടാക്കി.
കൂടാതെ എക്സൈസ് മാർഗനിർദേശങ്ങളും നിബന്ധനകളും പരിശോധിക്കാതെ നിരവധി പേർക്ക് ലൈൻസ് നൽകി.















