തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്നും നാളെയും (25, 26) ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. താപനില 39 °C വരെ ഉയർന്നേക്കും.
കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ താപനില 37°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ താപനില 36 °C വരെയും ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 – 4 °C കൂടുതൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതേസമയം 28ന് (വെള്ളി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.















