ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹിയിലെ സരസ്വതി വിഹാർ ഏരിയയിൽ 1984 നവംബർ ഒന്നിന് അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലാണ് ഡൽഹി റോസ് അവന്യൂ കോടതി ശിക്ഷ വിധിച്ചത്. സിഖ് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സജ്ജൻ കുമാർ.
ആദ്യം പഞ്ചാബി ബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി 12 ന് സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിന് ശേഷം കോൺഗ്രസ് ഗുണ്ടകൾ നടത്തിയ നരഹത്യകളാണ് സിഖ് കലാപമെന്ന് അറിയപ്പെടുന്നത്. രാജ്യമെമ്പാടും വ്യാപക ആക്രമണങ്ങൾക്ക് വഴിവച്ച കലാപം മൂവായിരം പേരുടെ ജീവനെടുത്തു. ഡൽഹിയിൽ മാത്രം 2700ലധികം പേർ കൊല്ലപ്പെട്ടത്.















