നാഗ്പൂർ: ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്‌ക്കെതിരെ ഇറങ്ങും. ടൂർണമെൻ്റിൽ ഇത് വരെ തോൽവി അറിയാതെത്തിയ ടീമുകളാണ് രണ്ടും. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടമാണ് കേരളത്തിന്റെ ലക്ഷ്യം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാൽ വൈവിദ്ധ്യമേറിയ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയം കേരളത്തിന് മുതൽക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്. ഫൈനലിൽ കേരളം കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച ടീമിൽ നിന്നുംകാര്യമായ മാറ്റങ്ങൾ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങൾ അനുസരിച്ച് ഏതാനും മാറ്റങ്ങൾക്ക് മാത്രമാണ് സാധ്യത.
സൽമാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാൽ കേരളത്തിന്റെ ബാറ്റിങ് നിര അതിശക്തമാണ്. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങിൽ നിധീഷും ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തിൻ്റ കരുത്ത്. സീസണിൽ ഇത് വരെ കാഴ്ചവച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാൽ ആദ്യ കിരീടം അസാധ്യമല്ല.
മറുവശത്ത് കഴിഞ്ഞ പത്ത് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാഥോട്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടായ്ഡെ, കരുൺ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമിൽ. ഇതിൽ യഷ് റാഥോട്, ഹർഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദർഭയെ സംബന്ധിച്ച് നിർണായകമാവുക. ഇത് വരെ ഒൻപത് മത്സരങ്ങളിൽ നിന്നായി 933 റൺസ് നേടിയിട്ടുണ്ട് യഷ് റാഥോഡ്. 17 റൺസ് കൂടി നേടിയാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന നേട്ടം റാഥോഡിനെ തേടിയെത്തും. മറുവശത്ത് ഇത് വരെ 66 വിക്കറ്റുകൾ നേടിയ ഹർഷ് ദുബെയ്‌ക്ക് 3 വിക്കറ്റുകൾ കൂടി നേടിയാൽ രഞ്ജി ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കാം.
ഇരു ടീമുകളും നേർക്കുനേരെത്തുമ്പോൾ കൗതുകകരമായ മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. സീസണിൽ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റൺസുമായി വിദർഭ ബാറ്റിങ്ങിന്റെ കരുത്തായ കരുൺ നായർ മലയാളിയാണ്. മറുവശത്ത് വിർഭയുടെ ഇതിനു മുൻപുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സർവാതെ കേരള നിരയിലുമുണ്ട്. നാഗ്പൂർ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സർവാതെയുടെ സാന്നിധ്യം കേരളത്തിന് മുതൽക്കൂട്ടാണ്. എന്നാൽ രഞ്ജി നോക്കൗട്ടിൽ വിദർഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല 2017-18ൽ വിർഭയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായ കേരളം അടുത്ത വർഷം സെമിയിലും അവരോട് തോൽവി വഴങ്ങുകയായിരുന്നു. അതിന് മറുപടി നല്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ഫൈനൽ.















