ബെംഗളൂരുവിൽ മൃഗങ്ങളെ വെട്ടുന്നതും വിൽക്കുന്നതും നിരോധിച്ചു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26-നാണ് നിരോധനം ബാധകമെന്ന് ബ്രിഹത് ബെംഗളൂരു മഹാനഗര പാലികെ (BBMP) പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സിവിക് ബോഡിയുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങൾക്ക് മാത്രമാണ് നിരോധനം ബാധകമാവുക. മാംസം വിൽക്കുന്നതും മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനുമാണ് വിലക്ക്. നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ശിവരാത്രിദിനം അവധിയായിരിക്കും.
ബെംഗളൂരുവിൽ വിശേഷ ദിവസങ്ങളിൽ പലപ്പോഴും മാംസ-മത്സ്യ നിരോധനം ഏർപ്പെടുത്താറുണ്ട്. എയ്റോ ഇന്ത്യ 2025ന് മുന്നോടിയായി, ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ യെലഹങ്ക വ്യോമസേനാ സ്റ്റേഷന്റെ 13 കിലോമീറ്റർ ചുറ്റളവിൽ മാംസം വിൽക്കുന്നതും വിളമ്പുന്നതും ബിബിഎംപി നിരോധിച്ചിരുന്നു. പരിശീലന പറക്കലിന് തടസം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായിരുന്നു നിരോധനം. മാംസാവശിഷ്ടം ഭക്ഷിക്കാൻ പക്ഷികൾ എത്തുകയും ഇവ വ്യോമസേനാ സ്റ്റേഷൻ മേഖലകളിൽ വട്ടമിട്ട് പറക്കുകയും ചെയ്യുന്നത് എയർക്രാഫ്റ്റുകളുടെ പരിശീലനത്തിന് തടസമാകുമെന്നതിനാലാണ് ഇത്.















