തൃശൂർ പൂരത്തിന് സമാന്തര പ്രദർശനം പ്രഖ്യാപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ പൂരപ്രദർശനത്തിന് (എക്സിബിഷൻ) സമാന്തരമായാണ് ദേവസ്വം ബോർഡ് പൂരപ്രദർശനത്തിന് നീക്കം തുടങ്ങിയത്. ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെയാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
പൂരം നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തുന്നത് എക്സിബിഷനിലൂടെയാണ്. പതിറ്റാണ്ടുകളായി തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതിനിടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സമാന്തര എക്സിബിഷനുമായി രംഗത്തെത്തിയത്.
പൂരം അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ശ്രമിക്കുകയാണെന്ന് വിമർശനം അരയ്‌ക്കിട്ടുറപ്പിക്കുന്നതാണ് തിടുക്കപ്പെട്ട നീക്കങ്ങൾ. ഒന്നാമതായി ബോർഡ് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് നാളിതുവരെ ഇല്ലാത്ത ഉത്തരവ് പുറത്തിറക്കിയത്. ദേവസ്വം ബോർഡ് അംഗങ്ങളായ എം പി മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത് എന്നിവരുടെ കാലാവധിയാണ് ഫെബ്രുവരി 23ന് അവസാനിച്ചത്. ഫ്രബ്രുവരി 21 നാണ് ഇതുമായി ബന്ധപ്പെട്ട ടെൻഡർ ക്ഷണിച്ചത്. മാർച്ച് ഒന്നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി.
എല്ലാ വർഷവും മാർച്ച് അവസാനം തുടങ്ങി മെയ് 25ന് അവസാനിക്കുന്ന തരത്തിലാണ് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെ എക്സിബിഷൻ. എല്ലാം വർഷവും എക്സിബിഷൻ കാണാൻ ലക്ഷങ്ങളാണ് എത്തുന്നത്. വരുമാനം ഇല്ലാതാക്കുന്നതോടെ പൂരത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകും. ഇതിന് വേണ്ടിയുള്ള നീക്കമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നതെന്നാണ് വിമർശനം.
കഴിഞ്ഞ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. കൂടാതെ പ്രദർശന തറവാടക സംബന്ധിച്ച തർക്കങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. തൃശൂർ പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന വിമർശനമാണ്ഉ യരുന്നത്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും വിവിധ ഹൈന്ദവ സംഘടനകളും. സമാന്തര എക്സിബിഷനിൽ നിന്നും പിൻമാറാൻ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറായില്ലെങ്കിൽ തൃശൂർ വൻ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുമെന്ന മുന്നറിയിപ്പ് പുരപ്രേമികളും നൽകി കഴിഞ്ഞു.















