ഭാര്യ പ്രിയയ്‌ക്കായി വികാരനിർഭരമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ വിജയത്തിളക്കത്തിനിടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ വാക്കുകൾ.
‘എനിക്ക് ലഭിക്കുന്ന സ്വീകാര്യത നീ എത്രമാത്രം ആഗ്രഹിച്ചിരുന്നതാണെന്ന് എനിക്ക് നന്നായി അറിയാം. നീ എന്നും എന്നെ പിന്തുണച്ചിരുന്നു. എന്റെ വിമർശകയും സുഹൃത്തും ടെൻഷൻ ബ്രേക്കറും ഏറ്റവും വലിയ ആരാധികയുമാണ് നീ. ഈ വിജയത്തിന് ഏറ്റവും കൂടുതൽ അർഹതപ്പെട്ടയാൾ നീയാണ്’- കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജിത്തു അഷ്റഫ് സംവിധാനം ചെയ്ത് 20-ന് റിലീസ് ചെയ്ത ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. തിയേറ്ററിലെത്തിയ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ജോസഫ്, നായാട്ട് സിനിമകളുടെ തിരക്കഥാകൃത്തും സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ ഇലവീഴാപൂഞ്ചിറയുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.















