ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തി. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുതിർന്ന ബിജെപി നേതാക്കളായ വാനതി ശ്രീനിവാസൻ, തമിഴിസൈ എന്നിവർ ചേർന്ന് സ്വീകരിച്ചു. നിരവധി ബിജെപി പ്രവർത്തകരാണ് അമിത് ഷായെ കാണാനായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്.
കോയമ്പത്തൂരിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ തമിഴ്നാട്ടിലെത്തിയത്. കോയമ്പത്തൂരിലെ പീളമേട് പ്രദേശത്താണ് പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയത്.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. നഗരത്തിലുടനീളം 3,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ഇഷ യോഗസെന്ററിൽ സംഘടിപ്പിക്കുന്ന ശിവരാത്രി ഉത്സവത്തിൽ അമിത് ഷാ പങ്കെടുക്കും.