കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ താഴ്‌ത്തികെട്ടി സിപിഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി. കെ സുരേഷ് ബാബു. എംഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയേക്കാൾ വലിയ ദുരന്തം പി. പി ദിവ്യയുടെ രാഷ്ട്രീയ ഭാവി നശിച്ച് പോയതാണെന്നായിരുന്നു സുരേഷ് ബാബുവിന്റെ വാക്കുകൾ. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.
“എഡിഎമ്മിന്റെ ആത്മഹത്യയേക്കാൾ വലിയ ദുരന്തമുണ്ടായത് കേരളത്തിന് ഭാവി വാഗ്ദാനമായിരുന്ന നല്ല രാഷ്‌ട്രീയ നേതാവിന്റെ നഷ്ടമാണ്. പി.പി ദിവ്യ നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന പക്വതയുള്ള സ്ത്രീയാണ്. സ്ത്രീകളുടേതായ യാതൊരു പരിമിതികളും ഇല്ലാതെ നല്ലരീതിയിൽ രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ്. ഭാവിയിൽ നല്ല പ്രതീക്ഷയാണ്. ആ നഷ്ടമാണ് നവീൻ ബാബുവിന്റെ നഷ്ടത്തേക്കാൾ കണ്ണൂർ ജില്ലയ്‌ക്കും കേരളത്തിനുമുണ്ടിരിക്കുന്നത്”, സുരേഷ് ബാബു പറയുന്നു.
സോഷ്യൽ മീഡിയയിൽ വൈറൽ പ്രഭാഷകൻ എന്ന് വിശേഷണമുള്ളയാളാണ് സുരേഷ് ബാബു. അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ബാബുവിനെതിരെ ശക്തമായ വിമർശനമാണ് സൈബർ ലോകത്ത് ഉയരുന്നത്. ‘പ്രസംഗമൊക്കെ വെറും വാചക മടി എന്നു തെളിയിച്ചു. ഒരാത്മ ത്ഥതയുമില്ല, ഇയാളുടെ പ്രസംഗം കേൾക്കാറുണ്ടായിരുന്നു. അതെല്ലാം വെറും വാക്കാണെന്ന് ഈ അഭിമുഖം തെളിയിച്ചു’, ‘താങ്കളുടെ പ്രസംഗം കേൾക്കുന്ന സമയത്ത് നാല് വാഴ വെച്ചിരുന്നെങ്കിൽ എന്ന്, ഈ സമയത്ത് പശ്ചാത്തപിക്കുന്നു’, ‘രാഷ്‌ട്രീയ ഭാവി പോയതിനാണ് പ്രശ്നം എന്നാൽ രണ്ട് പെൺമക്കൾക്ക് അച്ചൻ ഇല്ലാതായതിലും ഒരു ഭാര്യക്ക് ഭർത്താവില്ലാതായതിലും പ്രശ്നമില്ല. നല്ല മോട്ടിവേറ്റർ ‘കുറച്ച് ബഹുമാനമുണ്ടായിരുന്നു അതു കളഞ്ഞുകുളിച്ചു’, തുടങ്ങി സമാനരീതിയിലുള്ള കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















