തിരുവനന്തപുരം: നാലാമത് പരമേശ്വർജി സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ മാർച്ച് രണ്ടിന് അനന്തപുരിയിലെത്തുന്നു.”ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി” എന്ന വിഷയത്തിലാണ് ഉപരാഷ്‌ട്രപതി പ്രഭാഷണം നടത്തുന്നത്.
തിരുവനന്തപുരം കവടിയാർ ഉദയ പാലസ്സ് കൺവെൻഷൻ സെന്ററിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ച് 2 ഞായർ രാവിലെ 11 മണിക്കാണ് പ്രഭാഷണം. ഭാരതീയ വിചാര കേന്ദ്രമാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പരമേശ്വർജി എന്നറിയപ്പെട്ടിരുന്ന പി. പരമേശ്വരൻ 2020 ഫെബ്രുവരി 9 നാണ് അന്തരിച്ചത്.
കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും പാണ്ഡിത്യം നേടിയിരുന്നു , വാഗ്മി, എഴുത്തുകാരൻ, കവി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഭാരതീയ വിചാര കേന്ദ്രം കഴിഞ്ഞ ഏതാനും വർഷങ്ങളായി
പരമേശ്വർജി സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു വരുന്നു.















