ന്യൂഡൽഹി: വികസിത രാജ്യങ്ങളുടെ മാതൃകയിൽ രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. യൂണിവേഴ്സൽ പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവിൽ വരിക.
അസംഘടിത മേഖല ഉൾപ്പെടെ എല്ലാം പൗരൻമാർക്കുമായാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും വാർദ്ധക്യത്തിൽ സാമ്പത്തിക സുരക്ഷ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയുടെ ഭാഗമാകാം.
നിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഗിഗ് തൊഴിലാളികൾ തുടങ്ങി അസംഘടിത മേഖലിൽ ജോലി ചെയ്യുന്നവർ നിലവിലുള്ള പെൻഷൻ പദ്ധതികളുടെ ഭാഗമല്ല. എന്നാൽ പുതിയ പദ്ധതി സ്വയംതൊഴിൽ ചെയ്യുന്നവർക്കും ശമ്പളക്കാർക്കും ബാധകമായിരിക്കും.
എല്ലാവർക്കും പെൻഷൻ എന്ന ആശയത്തിലൂന്നിയാണ് യൂണിവേഴ്സൽ പെൻഷൻ സ്കീം നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള ചില പദ്ധതികൾ സംയോജിപ്പിക്കുമെന്നാണ് വിവരം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പെൻഷൻ പദ്ധതി ഇതിൽ ഉൾപ്പെടുത്താനും പ്രോത്സാഹിപ്പിക്കും. ഇതോടെ പെൻഷൻ വിതരണം കാര്യക്ഷമമാകുമെന്നും കൂടുതൽ തുക ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇപിഎഫ്ഒയുടെ കീഴിൽ തന്നെ പുതിയ പദ്ധതി ആരംഭിക്കാനാണ് സർക്കാരിന്റെ ശ്രമം.
ഐക്യരാഷ്‌ട്രസഭയുടെ “ഇന്ത്യ ഏജിംഗ് റിപ്പോർട്ട്” പ്രകാരം, രാജ്യത്തെ വയോജനങ്ങളുടെ എണ്ണം 2036ൽ മൊത്തം ജനസംഖ്യയുടെ 15 ശതമാനമാകും. 2050 ൽ ഇത് 20 ശതമാനത്തിലെത്തും. ഇത്തരമൊരു സാഹചര്യത്തിലാണ് അമേരിക്ക, ചൈന, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേതിന് സമാനമായ പെൻഷൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. പ്രധാനമായും പെൻഷനുകളാണ് സാമൂഹിക സുരക്ഷയുടെ അളവുകോൽ. അത്തരമൊരു സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി സാമൂഹിക സുരക്ഷയിൽ ഒരു വലിയ ചുവടുവയ്പ്പായി മാറും.















