ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിൽ നടൻ വിജയുടെയും ടി വി കെയുടേയും ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ടിവികെ രണ്ട് ഭാഷാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ, നടന്റെ കുട്ടികൾ പഠിക്കുന്നത് മൂന്ന് ഭാഷകൾ പഠിപ്പിക്കുന്ന സ്കൂളിലാണ്. കൂടാതെ നടന്റെ ഉടമസ്ഥതയിലുള്ള വിജയ് വിദ്യാശ്രമം എന്ന സ്കൂളും ത്രിഭാഷാ നയമാണ് പിന്തുടരുന്നത്. എന്നാൽ ടിവികെയുടെ അണികളോട് വിജയ് പറയുന്നത് രണ്ട് ഭാഷ പഠിച്ചാൽ മതിയെന്നാണ്. നിലപാടിലെ പൊള്ളത്തരമാണിതെന്നും അദ്ദേഹം വിമർശിച്ചു.
#GetOut ക്യാമ്പയിനിൽ പങ്കെടുത്ത പ്രശാന്ത് കിഷോർ ബോർഡിൽ ഒപ്പിടാതിരുന്നതും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കള്ളം പറയുന്ന സ്വഭാവം വിജയ് അവസാനിപ്പിക്കണമെന്നും അണ്ണാമലൈ പറഞ്ഞു. സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽ വിജയ് ബിജെപിക്കും ഡിഎംകെക്കും എതിരെ വിമർശനമുന്നയിച്ചിരുന്നു.















