പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൂനെ പൊലീസ് പ്രഖ്യാപിച്ചു. 13 സംഘങ്ങളായി തിരിഞ്ഞാണ് പൂനെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് പൂനെ പൊലീസ് കമ്മീഷണർക്ക് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നിർദേശം നൽകി. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് അജിത് പവാർ പ്രതികരിച്ചു. സംഭവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിതിഗതികൾ അന്വേഷിച്ചതായും പൊലീസിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.
ആളില്ലാതെ കിടക്കുകയായിരുന്ന സർക്കാർ ബസിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൂനെയിലെ സ്വർഗേറ്റ് ഡിപ്പോയിൽ കിടന്നിരുന്ന ബസിലായിരുന്നു അതിക്രമം നടന്നത്. 36-കാരനായ ദത്താത്രേയ രാംദാസ് ഗഡേ ആണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
പുലർച്ചെ 5.45ഓടെ ഫൽത്താനിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പ്രതി സമീപിച്ചത്. യുവതി നിൽക്കുന്നത് തെറ്റായ പ്ലാറ്റ്ഫോമിലാണെന്നും ഫൽത്താനിലേക്കുള്ള ബസ് വരുന്നത് മറ്റൊരു പ്ലാറ്റ്ഫോമിലാണെന്നും പ്രതി പറഞ്ഞു. അവിടേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഒപ്പം കൂട്ടുകയും ചെയ്തു. ”സഹോദരീ” എന്നാണ് പ്രതി അഭിസംബോധന ചെയ്തിരുന്നതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റിയ പ്രതി വാഹനത്തിന് അകത്തിട്ട് പീഡിപ്പിച്ചെന്നാണ് മൊഴി. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.
മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയായ ദത്താത്രേയ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് യുവതിയെ ആക്രമിച്ചത്. സ്വർഗേറ്റ്, ഷിക്രപൂർ, ഷിരൂർ തുടങ്ങി നിരവധി ഇടങ്ങളിൽ പ്രതിക്കെതിരെ കേസുകൾ നിലനിൽക്കുന്നതായും പൊലീസ് അറിയിച്ചു.