ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരണനിരക്ക് ഉയരുന്നതായി റിപ്പോർട്ട്. അഞ്ചിൽ മൂന്ന് കാൻസർ രോഗികളും മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ICMR ഇക്കാര്യം സൂചിപ്പിക്കുന്നത്.
പുരുഷന്മാരേക്കാൾ കൂടതൽ സ്ത്രീകളിലാണ് കാൻസർ കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായ മാറ്റമാണിതെന്നും റിപ്പോർട്ടിലുണ്ട്. ഇനിവരുന്ന രണ്ട് ദശാബ്ദങ്ങളിലും ഈ രീതി തുടരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്നത് സ്തനാർബുദമാണ്. പുരുഷന്മാരിലും സ്ത്രീകളിലും പൊതുവായി കാണപ്പെടുന്നത് ശ്വാസകോശാർബുദമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവരിലും പ്രായമായവരിലുമാണ് രോഗം കൂടുതലായി പിടിപെടുന്നത്.
2012നും 2022നുമിടയ്‌ക്ക് കാൻസർ കേസുകൾ 36 ശതമാനം ഉയർന്നിട്ടുണ്ട്. 2012ൽ 1.01 മില്യൺ ആയിരുന്നത് 2022ൽ 1.38 മില്യണായി വർദ്ധിച്ചു. സമാനമായ വർദ്ധനവാണ് കാൻസർ മരണങ്ങളിലും ഉണ്ടായത്. 30.3 ശതമാനമാണ് മരണനിരക്ക് ഉയർന്നത്.
ഏറ്റവും കൂടുതൽ കാൻസർ രോഗികൾ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ആരോഗ്യപരമായ രീതിയിൽ ജീവിതശൈലിയെ മാറ്റിയെടുക്കുക എന്നുള്ളതാണ് കാൻസറിനെ അകറ്റിനിർത്താനുള്ള പ്രധാന പോംവഴിയായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.















