അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രയോജനമാകുന്ന വൻ പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. പുതിയ ഗോൾഡ് കാർഡ് സ്വായത്തമാക്കുന്ന അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ ബിരുദധാരികളെ റിക്രൂട്ട് ചെയ്യാമെന്നാണ് ട്രംപിന്റെ ഉത്തരവ്. നിലവിലെ സംവിധാനത്തിലെ പോരായ്‍മ പരിഹരിക്കുന്നതാണ് നടപടിയെന്നും അമേരിക്കയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ പ്രതിഭകൾക്ക് അമേരിക്കയിൽ തന്നെ തുടരാൻ ഇതുവഴി സാധിക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
പ്രതിഭാധനരായ നിരവധി വിദ്യാർത്ഥികളാണ് അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ നിന്നും ബിരുദം നേടുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള യുവാക്കൾ അമേരിക്കൻ സർവകാലാശലകളിൽ നിന്ന് ബിരുദം നേടി സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയും അവിടെ കമ്പനി തുടങ്ങി നിരവധി പേർക്ക് ജോലി നൽകി ശതകോടീശ്വരൻമാരായി മാറുകയും ചെയ്യുന്നുവെന്ന് ട്രംപ് നിരീക്ഷിച്ചു. ഇത്തരത്തിൽ ബിരുദം നേടുന്നവർ അമേരിക്ക വിടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നോട്ട് വയ്‌ക്കുകയാണ് ട്രംപ്. അമേരിക്കയിൽ ബിരുദം നേടിയ പ്രഗത്ഭരായ വിദ്യാർത്ഥികളെ യുഎസ് കമ്പനികൾക്ക് നേരിട്ട് നിയമിക്കാൻ ഗോൾഡ് കാർഡ് പദ്ധതി സഹായിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ നേട്ടം ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി
50 ലക്ഷം ഡോളറാണ് ഗോൾഡ് കാർഡ് നേടാൻ അമേരിക്കൻ കമ്പനികൾ ലവഴിക്കേണ്ടത്. ഗ്രീൻ കാർഡിന്റെ പ്രീമിയം വേർഷനായി ഗോൾഡ് കാർഡിനെ കണക്കാക്കാം. കൂടുതൽ കാലം അമേരിക്കയിൽ തങ്ങാൻ സഹായിക്കുന്നതാണ് ഗോൾഡ് കാർഡ്. മാത്രവുമല്ല അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള വഴി കൂടിയാകുമിത്. ഒരു മില്യൺ യുഎസ് ഡോളർ മുടക്കി അമേരിക്കയിൽ ബിസിനസ് ആരംഭിച്ച് പത്തോ അതിലധികമോ പേർക്ക് ജോലി നൽകാൻ തയ്യാറാകുന്ന വിദേശ നിക്ഷേപകർക്ക് അമേരിക്കൻ റെസിഡൻസി അനുവദിക്കുന്ന നിലവിലെ EB-5 നിക്ഷേപക-വിസ പദ്ധതിക്ക് ബദലായി ഗോൾഡ് കാർഡ് മാറും. അമേരിക്കയുടെ ഗെയിം ചേഞ്ചറായിരിക്കും ഗോൾഡ് കാർഡെന്നും ട്രംപ് കരുതുന്നു.
സമ്പന്നരായ വിദേശ നിക്ഷേപകരെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിനും ട്രംപ് അവതരിപ്പിച്ച ഗോൾഡ് കാർഡ് പദ്ധതി സഹായിക്കും.