തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊലയ്‌ക്ക് ഇരയായവരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തൽ. തലയോട്ടി തകർന്ന് രക്തം തളംകെട്ടി നിൽക്കുന്ന മൃതദേഹ ദൃശ്യങ്ങളാണ് സോഷ്യൽ മീഡയയിൽ പ്രചരിപ്പിക്കുന്നത്. ഇന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ചോർന്നതാണെന്നാണ് നിഗമനം. ആദ്യം പ്രാദേശിക ചാനലുകളിലും വെബ്സൈറ്റിലും പ്രചരിച്ച ദൃശ്യങ്ങൾ ഇപ്പോൾ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്തവരിലേക്ക് ഇവ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ആദ്യത്തെ കേസിൽ അഫാന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പിതൃ മാതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യത്തെ അറസ്റ്റ്. പാങ്ങോട് സർക്കിൾ ഇൻസ്പെക്ടർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലുമാണ് വരിക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ട്.















