പൂനെ ബസ് പീഡനക്കേസ് പ്രതി ദത്താത്രേയ രാംദാസിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 75 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പൂനെ പൊലീസ് പ്രതിയെ പൊക്കിയത്. ഡ്രോണുകൾ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയുമായിരുന്നു പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഷ്രീരൂർ തെഹ്സിൽ നിന്നാണ് പ്രതി അറസ്റ്റിലായത്.
ക്രൈംബ്രാഞ്ചിന്റെ 13 പൊലീസ് സംഘങ്ങൾ ഒരേസമയം നടത്തിയ ഓപ്പറേഷനൊടുവിൽ ദത്താത്രേയ രാംദാസ് ഗഡേ പിടിയിലാവുകയായിരുന്നു. പൂനെ സിറ്റി പൊലീസ്, പൂനെ റൂറൽ പൊലീസ് എന്നിവർ സംയുക്തമായി ഓപ്പറേഷനിൽ പങ്കെടുത്തു. 37-കാരനായ പ്രതി പൂനെയിലെ ഗുനത് ഗ്രാമവാസിയായതിനാൽ അവിടുത്തെ കരിമ്പിൻ തോട്ടങ്ങളിലടക്കം പരിശോധന നടത്തി.
പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും കർശന നിർദേശങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്.
മോഷണം, പിടിച്ചുപറി, മാലപൊട്ടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദത്താത്രേയ രാംദാസ് ഗഡേ. പൂനെ, അഹല്യനഗർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഗഡേയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു കേസിൽ ജയിലിലായ പ്രതിക്ക് 2019ൽ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്.
പൂനെയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 5.45ന് ബസ് കാത്തുനിൽക്കുകയായിരുന്ന 26-കാരിയുടെ അടുത്തേക്ക് വന്ന പ്രതി സ്വയം കണ്ടക്ടറാണെന്ന് പരിചയപ്പെടുത്തി. യുവതിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ് മറ്റൊരു പ്ലാറ്റ്ഫോമിലാണ് വരികയെന്ന നുണ വിശ്വസിപ്പിച്ച് കൂടെ കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റുകയും അതിനുള്ളിലിട്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ശേഷം കടന്നുകളയുകയായിരുന്നു പ്രതി.