ബെംഗളൂരു: കൊയമ്പത്തൂർ ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത് എന്റെ വ്യക്തിപരമായ വിശ്വാസമാണെന്നും രാഷ്‌ട്രീയ തർക്കത്തിനുള്ള വിഷയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സദ്ഗുരുവിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ പോയത്. എനിക്ക് വിശ്വാസം ഉള്ളിടത്ത് ഇനിയും പോകും. ഇത്തരം എതിർപ്പുകൾക്കൊന്നും തന്നെ പിന്തിരിപ്പിക്കാനാകില്ല. ഞാൻ ഹിന്ദുവായാണ് ജനിച്ചത്. മരിക്കുന്നതും ഹിന്ദു ആയിട്ടായിരിക്കും, അദ്ദേഹം വ്യക്തമാക്കി.
ഇഷ ഫൗണ്ടേഷനിലെ മഹാ ശിവരാത്രി ആഘോഷത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പമാണ് ശിവകുമാർ പങ്കെടുത്ത്. ദിവങ്ങൾക്ക് മുമ്പ് പ്രയാഗ്രാജിലെ മഹാകുംഭമേളയിലും അദ്ദേഹം പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതൃത്വം മഹാകുംഭമേളയ്‌ക്ക് അയിത്തം കൽപ്പിച്ച് മാറിനിൽക്കുന്നതിനിടെയാണ് ശിവകുമാർ പുണ്യസ്നാനം നടത്തിയത്. ഇതിന് പിന്നാലെ പാർട്ടിയിൽ നിന്നും അദ്ദേഹത്തിന് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.