ആംആദ്മി സർക്കാർ ‘അഭിമാനപുരസരം’ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ. എന്നാൽ അടിസ്ഥാനസൗകര്യങ്ങൾ പോലും അപര്യാപ്തമായ നിലയിലാണ് മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ 14 ആശുപത്രികളിൽ ഐസിയു ഇല്ലെന്നും ആംആദ്മി നടത്തിയിരുന്ന മൊഹല്ല ക്ലിനിക്കുകളിൽ പലതിലും ടോയ്ലെറ്റ് സൗകര്യമോ തെർമോമീറ്ററോ ഇല്ലെന്നുമാണ് സിഎജി (Comptroller and Auditor General) റിപ്പോർട്ട്. ആരോഗ്യമേഖലയിലെ വീഴ്ചകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഈ റിപ്പോർട്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത ഇന്ന് സഭയിൽ വെക്കുമെന്നാണ് വിവരം.
ഡൽഹിയിലെ വിവാദ മദ്യനയം കാരണം 2,002 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പിലെ പ്രകടനം വിലയിരുത്തിയതിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ആംആദ്മി സർക്കാരിന്റെ കാലത്ത് ഡൽഹിയിലെ ആരോഗ്യമേഖല എപ്രകാരമാണ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. സാമ്പത്തിക ക്രമക്കേടുകൾ, അശ്രദ്ധ, ഉത്തരവാദിത്വമില്ലായ്മ എന്നിവ ആരോഗ്യമേഖലയിൽ പ്രകടമാണെന്നാണ് കഴിഞ്ഞ ആറ് വർഷത്തെ പ്രവർത്തനങ്ങളെ അധികരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിലെ മറ്റ് പരാമർശങ്ങൾ:
ക്രിട്ടിക്കൽ സർവീസുകളില്ല: 27ൽ 14 ആശുപത്രികളിലും ഐസിയു സൗകര്യമില്ല. 16 ആശുപത്രികളിൽ രക്തബാങ്കില്ല. എട്ടിടത്ത് ഓക്സിജൻ വിതരണത്തിനുള്ള സൗകര്യമില്ല. 15 ഇടത്ത് മോർച്ചറി പോലുമില്ല. ആംബുലൻസ് സർവീസില്ലാത്ത 12 സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്.
മൊഹല്ല ക്ലിനിക്കുകളിലെയും ആയുഷ് ഡിസ്പെൻസറികളിലെയും മോശം അടിസ്ഥാനസൗകര്യങ്ങൾ: ടോയ്ലെറ്റ്, പവർ ബാക്കപ്പ്, ചെക്കപ്പ് ടേബിളുകൾ എന്നീ സൗകര്യങ്ങളില്ല.
ആരോഗ്യപ്രവർത്തകരുടെ അഭാവം: ഡൽഹിയിലെ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ കടുത്ത അഭാവമാണ് നിലനിൽക്കുന്നത്. നഴ്സുകളുടെ കുറവ് 21 ശതമാനവും പാരമെഡിക്സിന്റെ അഭാവം 38 ശതമാനവുമാണ്. നിരവധി ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരുമില്ല.
സൗകര്യങ്ങൾ ഉപയോഗിക്കാതിരിക്കുക: രാജീവ് ഗാന്ധി, ജാനക്പുരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഓപ്പറേഷൻ തീയേറ്ററുകൾ, ഐസിയു ബെഡ്ഡുകൾ, സ്വകാര്യമുറികൾ എന്നിവ ഉപയോഗശൂന്യമാണ്.
ശസ്ത്രക്രിയകൾക്കായി രോഗികൾ കാത്തിരിക്കേണ്ടത് മാസങ്ങളോളം: ജനറൽ സർജറികൾക്ക് മൂന്ന് മാസത്തോളവും, പ്ലാസ്റ്റിക് സർജറികൾക്ക് എട്ട് മാസത്തോളവും പീഡിയാട്രിക് ശസ്ത്രക്രിയകൾക്ക് 12 മാസത്തോളവും കാത്തിരിക്കേണ്ടി വരുമെന്നതാണ് സ്ഥിതി.
ഇതുകൂടാതെ കൊവിഡ് അടിയന്തര ധനസഹായം കൃത്യമായി വിനിയോഗിക്കുന്നതിലും ആശുപത്രി കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ട്. ആശുപത്രികൾക്കായി പ്രഖ്യാപിച്ച പല പദ്ധതികളും ആരംഭിച്ചിട്ട് പോലുമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.