കൊച്ചി: ശബരിമലയെ മാലിന്യമുക്തമാക്കാൻ നടത്തിവന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണ പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. എഡിജിപി എംആർ അജിത് കുമാർ ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. ഇതിൽ നടുക്കം രേഖപ്പെടുത്തിയ കോടതി പദ്ധതി അവസാനിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതിയുടെ നിർദ്ദേശമുണ്ട്.
പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പദ്ധതി കഴിഞ്ഞ രണ്ടുവർഷമായി ശബരിമലയിൽ നടപ്പിലാക്കുന്നില്ല. ഇതിന് പകരം പവിത്രം ശബരിമലയെന്ന പദ്ധതിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്നത്. സന്നിധാനത്തെ ശുചീകരണ യജ്ഞവും ബോധവൽക്കരണവുമായിരുന്നു പുണ്യം പൂങ്കാവനവും പദ്ധതിയിലൂടെ നടപ്പാക്കിയിരുന്നത്.