രഞ്ജിട്രോഫി ഫൈനലിൽ ലീഡിനായി പൊരുതുന്ന കേരളത്തിന് ഏഴാം വിക്കറ്റ് നഷ്ടമായി. നങ്കൂരമിട്ട് കളിച്ചിരുന്ന നായകൻ സച്ചിൻ ബേബിയാണ് പുറത്തായത്. 2 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. താരത്തിന്റെ 100-ാം ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു ഇത്. 235 പന്തിൽ നിന്നാണ് താരം 98 റൺസ് നേടിയത്.
10 ബൗണ്ടറികൾ സഹിതമാണ് നേട്ടം. പാർത്ഥ് രേഖാഡെയുടെ പന്തിൽ കരുൺ നായറിന് ക്യാച്ച് സമ്മാനിച്ചാണ് സച്ചിൻ കൂടാരം കയറിയത്. സച്ചിന്റെ സ്ലോഗ് സ്വീപ്പ് അവസാനിച്ചത് മിഡ് വിക്കറ്റിലായിരുന്നു. അർഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. ഡ്രിങ്ക്സ് ഇടവേളയിൽ 334/7 എന്ന നിലയിലാണ് കേരളം. 26 റൺസുമായി ജലജ് സക്സേനയും 5 റൺസുമായി ഏദൻ ആപ്പിൾ ടോമുമാണ് ക്രീസിൽ. കേരളം ഇപ്പോഴും 45 റൺസ് പിന്നിലാണ്.
ഇന്ന് ആദിത്യ സർവാതെയുടെ വിക്കറ്റാണ് ആദ്യം വീണത്. 79 റൺസെടുത്ത താരത്തെ ഹർഷ് ദുബെ ആണ് പുറത്താക്കിയത്. 21 റൺസുമായി സൽമാൻ നിസാറും 34 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും കൂടാരം കയറിയതും കേരളത്തിന് തിരിച്ചടിയായി. നചികേത് ഭൂതേ മൂന്നു വിക്കറ്റ് വീഴ്‌ത്തി.