കോഴിക്കോട്: താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താംക്ലാസുകാരന് ഗുരുതര പരിക്ക്. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷഹബാസിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തലച്ചോറിന് 70 ശതമാനം പരിക്കേറ്റ വിദ്യാർത്ഥി അബോധാവസ്ഥയിലാണ്. സംഭവത്തിൽഅഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഇതിനിടെ നടന്ന ഡാൻസുമായി ബന്ധപ്പെട്ട് വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താമരശ്ശേരി കൊരങ്ങാട് സ്കൂളിലെ കുട്ടികളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഉടൻ തന്നെ ട്യൂഷൻ സെന്ററിലെ അദ്ധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു.
ഇന്നലെ വീണ്ടും രണ്ട് സ്കൂളിലേയും വിദ്യാർത്ഥികൾ സംഘടിച്ചെത്തി ട്യൂഷൻ സെന്ററിന് പുറത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ വിദ്യാർത്ഥികൾ തന്നെയാണ് വീട്ടിൽ കൊണ്ടുവിട്ടത്. പുറമേ കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ വിട്ടുകാർ സംഭവം കാര്യമാക്കിയില്ല. പിന്നീടാണ് നിലവഷളായതോടെ രാത്രിയിൽ താമരശ്ശേറി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.















