തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വകുപ്പ് സേവനങ്ങൾ ഇന്നുമുതൽ ഡിജിറ്റലാകുന്നു. അതിനാൽ പ്രധാന രേഖകളെല്ലാം ഇനിമുതൽ ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയാകും. രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നസ്, ലൈസൻസ്, പൊലൂഷൻ പെർമിറ്റ് എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ നിർണ്ണായക ഭോദഗതിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും പരിഷ്കരണം.
മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളുമാണ് ഇന്നുമുതൽ ഡിജിറ്റലാകുന്നത്. ആധാർ ബന്ധിപ്പിച്ചുകൊണ്ടാകും സേവനങ്ങൾ ഡിജിറ്റലാക്കുക. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, രജിസ്ട്രേഷൻ പുതുക്കൽ, നികുതി അടയ്‌ക്കൽ, ഫിനാൻസ് ടെർമിനേഷൻ തുടങ്ങി ഗതാഗത സംബന്ധമായ എല്ലാം ഇതോടെ ഡിജിറ്റൽ സംവിധാനത്തിലാകും. എൻഐസി, പരിവാഹൻ എന്നീ സൈറ്റുകളിൽ നിന്ന് ഡിജിറ്റൽ രേഖകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഏത് അപേക്ഷ സമർപ്പിച്ചാലും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. ഉടമ അറിയാതെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതും ഇതുവഴി തടയാനാകും. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ആധാർ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഓൺലൈൻ അപേക്ഷയായതിനാൽ പരമാവധി ലളിതമായിരിക്കും നടപടിക്രമങ്ങൾ. അപേക്ഷ സമർപ്പിക്കാൻ
ഇടനിലക്കാരുടെ സഹായം വേണ്ടിവരില്ല.
സംസ്ഥാനത്ത് ഇന്നുമുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്നും ഡിജിറ്റൽ രൂപത്തിലുള്ള ആർസി ആയിരിക്കും നൽകുകയെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചിട്ടുണ്ട്.