കാസർകോട്: കാസർകോട്ടെ കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ക്യാമ്പസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി.
രാത്രി എട്ടു മുതൽ രാവിലെ ഏഴ് വരെ വിദ്യാർഥികൾ പുറത്തിറങ്ങരുതെന്നാണ് സർവ്വകലാശാല രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. അതിരാവിലെയുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രഭാതസവാരിക്കടക്കം നിയന്ത്രണമുണ്ട്.
ക്യാമ്പസിന് സമീപമുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്. പുലി ക്യാമ്പസിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ ഡി.എഫ്.ഒയുടെ നിർദേശത്തെ തുടർന്നാണ് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ ഉത്തരവിറക്കിയത്.















