വിദർഭയെ പുറത്താക്കി ഇന്ന് തന്നെ ബാറ്റിംഗ് ആരംഭിക്കാമെന്ന് കേരളത്തിന്റെ മോഹങ്ങൾക്ക് വിലങ്ങുതടിയായി മലയാളി താരം കരുൺനായർ. സീസണിലെ 9-ാം സെഞ്ച്വറി കുറിച്ചപ്പോൾ കേരളത്തിന്റെ കന്നി കിരീടമെന്ന സ്വപ്നത്തിന് മേലെയാണ് കരിനിഴൽ പതിച്ചത്. അവസാന ദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ അവസാനിക്കും. കിരീടം വിദർഭ ഉയർത്തും. കേരളത്തിന്റെ വലിയൊരു മുന്നേറ്റം കണ്ട സീസണ് ടീമിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തും. നാലുവിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് വിദർഭ ഇതുവരെ നേടിയത്. 286 റൺസിന്റെ ലീഡുണ്ട് അവർക്ക്. 132 റൺസ് നേടിയ കരുൺ നായരും നാല് റൺസുമായി അക്ഷയ് വാഡ്കറുമാണ് ക്രീസിൽ. 31 റൺസിൽ കരുണിനെ കൈവിട്ട അക്ഷയ് ചന്ദ്രൻ ആ നിമിഷത്തെെ ശപിക്കുന്നുണ്ടാകാം.
നാലാം ദിനം ആശിച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഏഴു റൺസിനിടെ വിദർഭയുടെ രണ്ടു വിക്കറ്റ് വീഴ്‌ത്താൻ കേരളത്തിനായി. ഒരു റൺസെടുത്ത പാർത്ഥ് രേഖഡെയും ഏഴു റൺസുമായി ധ്രുവ് ഷോറെയുമാണ് കൂടാരം കയറിയത്. എന്നാൽ അവിടുന്ന് അങ്ങോട്ട് വിദർഭ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. കരുൺനായരും ഡാനിഷ് മലേവാറും ചേർന്ന് ആദ്യ ഇന്നിംഗ്സ് ആവർത്തിക്കുകയായിരുന്നു. 182 റൺസാണ് ഇവർ ചേർത്തത്. 73 റൺസുമായി ഡാനിഷ് പുറത്തായെങ്കിലും കരുൺ സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശി. നാളെ അവശേഷിക്കുന്ന 90 ഓവറുകളിൽ 20 ഓവറെങ്കിലും ബാറ്റ് ചെയ്യാൻ വിദർഭ ശ്രമിച്ചേക്കും. എതിരാളികൾ പെട്ടെന്ന് പുറത്താക്കി. ആക്രമണ ശൈലിയിൽ ബാറ്റു വീശുകയല്ലാതെ കേരളത്തിന് മറ്റ് രക്ഷയൊന്നുമില്ല.















