തിരുവനന്തപുരം: നാലാമത് പരമേശ്വർജി സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് അനന്തപുരിയിലെത്തുന്നു.”ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി” എന്ന വിഷയത്തിലാണ് ഉപരാഷ്‌ട്രപതി പ്രഭാഷണം നടത്തുന്നത്.
തിരുവനന്തപുരം കവടിയാർ ഉദയ പാലസ്സ് കൺവെൻഷൻ സെന്ററിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രഭാഷണം. ഭാരതീയ വിചാര കേന്ദ്രമാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ, സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖം എന്നീ നിലകളിൽ പ്രശസ്തനായിരുന്ന പരമേശ്വർജി എന്നറിയപ്പെട്ടിരുന്ന പി. പരമേശ്വരൻ 2020 ഫെബ്രുവരി 9 നാണ് അന്തരിച്ചത്.
കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാരതീയ ദർശനങ്ങളിൽ പഠനങ്ങൾ നടത്തിയതോടൊപ്പം കമ്മ്യൂണിസം പോലുള്ള പ്രത്യയ ശാസ്ത്രങ്ങളെ കുറിച്ചും പാണ്ഡിത്യം നേടിയിരുന്നു , വാഗ്മി, എഴുത്തുകാരൻ, കവി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഭാരതീയ വിചാര കേന്ദ്രം കഴിഞ്ഞ ഏതാനും വർഷങ്ങളായി
പരമേശ്വർജി സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു വരുന്നു.
2022 ലാരംഭിച്ച പരമേശ്വർജി സ്മാരക വാർഷിക പ്രഭാഷണ പരമ്പരയിൽ ഇതിന് മുമ്പ് അന്നത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യാ നായിഡു (2022), ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ (2023) വിദേശകാര്യ മന്ത്രി എസ്സ് ജയശങ്കർ (2024) എന്നിവരാണ് പങ്കെടുത്തിട്ടുള്ളത്.
വൈകുന്നേരം ഉപരാഷ്‌ട്രപതി ഹൈദരാബാദിലേക്ക് പോകും. അതേസമയം ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് രാവിലെ 11 മണി മുതല്‍ ഉച്ചയ്‌ക്ക് 2.00 മണി വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഉപ രാഷ്‌ട്രപതിയുടെ യാത്രാ സമയത്ത് വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതായിരിക്കും. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.















