ടെൽഅവീവ്: റംസാൻ കാലയളവിൽ ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് സമ്മതിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രഡിസന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദേശപ്രകാരമാണ് താത്ക്കാലിക വെടിനിർത്തലിന് ഇസ്രായേൽ പ്രധാനമന്ത്രി സമ്മതിച്ചത്. മതപരമായ അവധി ദിവസങ്ങളിൽ സംഘർഷങ്ങളിൽ അയവ് വരുത്തുക എന്നതാണ് താൽക്കാലിക വെടിനിർത്തലിന്റെ ലക്ഷ്യം.
കഴിഞ്ഞ റംസാൻ മാസത്തിൽ വലിയ ദുരിതമാണ് ജനങ്ങൾ നേരിട്ടത്. ലേകാമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയോടെ പുണ്യദിനം വരവേറ്റപ്പോൾ ഗാസയിലെ ആളുകൾ ദുഃഖത്തിന്റെയും മാനസിക സംഘർഷത്തിന്റെയും നടുക്കത്തിലായിരുന്നു. കഴിഞ്ഞ വർഷം ഭക്ഷണം പോലുമില്ലാതെയാണ് റംസാൻ ദിനങ്ങളിൽ ആളുകൾ കഴിഞ്ഞത്. വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടിലായിരുന്നു പലപ്പോഴും അവർ നോമ്പ് മുറിച്ചിരുന്നത്. എന്നാൽ ഇത്തവണ വെടിനിർത്തൽ നിർദേശം നിലനിൽക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും എപ്പോൾ എന്തും സംഭവിക്കാമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
അതേസമയം, ഗാസയിൽ ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കണമെന്നും വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിക്കുന്നു. ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽഅവീവിലാണ് പ്രതിഷേധം നടക്കുന്നത്.















