തിരുവനന്തപുരം : അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഇന്ന് വൈകിട്ട് നടക്കും.
ഇന്ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത യൂണിവേഴ്സിറ്റി കാമ്പസിലാണ് സംഗമം. മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യത്തിൻ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും. NICHE യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് അധ്യക്ഷത വഹിക്കും. ലോകമാതാ അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തിന്റെയും ആർഎസ്എസ് ശതാബ്ദിയുടെയും പശ്ചാത്തലത്തിൽ നടക്കുന്ന സംഗമത്തിൽ സ്ത്രീകളുടെ കൂട്ടായ സംരഭമായ വൈഭവശ്രീ യുടെ സിൽവർ ജൂബിലി ആഘോഷവും തമിഴ്നാട്ടിൽ ആരംഭിക്കുന്ന വനിത ശാക്തീകരണ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. ദേശീയതലത്തിൽ ശ്രദ്ധേയരായ പ്രമുഖ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കും.
സംഗമത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെയും സർഗ്ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ച് പുരസ്കാരം സമർപ്പിക്കും.ആദ്ധ്യാത്മിക രംഗത്തെ പ്രമുഖ വനിതകളെ കർമ്മയോഗിനി സംഗമം പാദപൂജ ചെയ്ത് ആദരിക്കും. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച സ്ത്രീകളെ സംബന്ധിച്ച പുസ്തകങ്ങളുടെ പ്രകാശനവുമുണ്ടാകും.















