കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലേക്കാണ് വിദേശത്ത് ജോലി ചെയ്യുന്ന യുവാവിന്റെ സന്ദേശമെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ നെല്ലിക്കെട്ട സ്വദേശി അബ്ദുൾ റസാക്കിനെതിരെയാണ് കേസ് എടുത്തത്. മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമ പ്രകാരമാണ് മുത്തലാഖിൽ കേസ്. ഇതിനു പുറമെ സ്ത്രിധന പീഡന നിരോധനനിയമവും ചുമത്തിയിട്ടുണ്ട്.
ഹോസ്ദുർഗ് പോലീസാണ് കേസടുത്തത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്‍റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഹൊസ്ദുർഗ് കോടതിയിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയും യുവാവും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. 2022 ആഗസ്റ്റ് 11 നായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിന്റെ കുടുംബം സ്ത്രീധനമായി 50 പവൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർധനരായ പെൺകുട്ടിയുടെ കുടുംബത്തിന് 20 പവൻ മാത്രമേ നൽകാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പറയുന്നു.















