തിരുവനന്തപുരം: ഗ്രാമങ്ങൾ മുതൽ ജനാധിപത്യമുള്ള ഏക രാജ്യമാണ് ഭാരതമെന്നു ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ. വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകതയെന്നും, പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി മാറിയ ഭാരതം ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണെന്നും ജഗദീപ് ധൻകർ കൂട്ടിച്ചേർത്തു. നാലാമത് പരമേശ്വർജി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ.
“പരമേശ്വർജി ഭാരതത്തിന്റെ ഏറ്റവും മഹാന്മാരായ മക്കളിൽ ഒരാളാണ്. ഈ സ്മാരക പ്രഭാഷണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ശങ്കരന്റെയും ശ്രീനാരായണ ഗുരുവിന്റെയും നാടായ കേരളം എന്നും സാംസ്കാരിക സാമൂഹിക നവോത്ഥാനത്തിന്റെ മണ്ണാണ്.
നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെയും നവോത്ഥാന നായകരുടെയും നാടായ കേരളത്തിൽ അവരെ ഓർക്കുന്നതു പോലെയാണ് പരമേശ്വർ ജിയെ ഓർമിക്കുന്നത്. പരമേശ്വര്‍ ജി പുതിയ കാലത്തും നാം ഏവരെയും പ്രചോദിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ദൗത്യം നാം മുന്നോട്ടുകൊണ്ടു പോകണം”, പി പരമേശ്വരനെ അനുസ്മരിച്ചു കൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു.
“ഭാരതം വലിയ മുന്നേറ്റം നടത്തുന്ന കാലമാണിത്. പഴയ കാലത്തിന്റെ തടസ്സങ്ങൾ ഒഴിവാക്കി സംവിധാനത്തെ ശുദ്ധീകരിച്ചു. പ്രത്യാശയുടെയും അവസരങ്ങളുടെയും നാടായി മാറിയ ഭാരതം ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഏട്ട് ശതമാനം വളർച്ച നിരക്ക് കൈവരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ നേട്ടങ്ങൾ. എല്ലാവർഷവും 4 പുതിയ എയർ പോർട്ടുകളും മെട്രോ സ്‌റ്റേഷനുകളും തുറക്കുന്നു. ക്വാണ്ടം കമ്പ്യൂട്ടിങ്, എഐ മേഖലകളിൽ രാജ്യം മുൻനിരയിലാണ്. ലോകത്തെ ഡിജിറ്റൽ ട്രാൻസക്ഷണുകളിൽ പകുതിയും ഭാരതത്തിൽ നിന്നാണ്. ലൂണാർ, മാർസ് മിഷൻ , കൂടാതെ മെഡിക്കൽ സയൻസുകളിലും സെമികണ്ടക്ടറിലും രാജ്യം വളർച്ചയുടെ പാതയിലാണ്.” ജഗ്ദീപ് ധൻകർ പറഞ്ഞു.
“ഭാരതം ഇന്ന് ലോകത്തെ അതിശയിപ്പിക്കുന്നു. ഗ്രാമങ്ങളിൽ പോലും ജനാധിപത്യമുളള ഏക രാഷ്‌ട്രമണ് ഭാരതം. വൈവിധ്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത”. അദ്ദേഹം പറഞ്ഞു.
പ്രലോഭനങ്ങളിലൂടെയുള്ള മതപരിവർത്തനത്തിനെതിരെയും ഉപരാഷ്‌ട്രപതി പരാമർശങ്ങൾ നടത്തി. ഏതു മതത്തിലും വിശ്വസിക്കാനുള്ള അവകാശമുണ്ട്, എന്നാൽ പ്രലോഭനങ്ങളിലൂടെയുള്ള മതം മാറ്റത്തിനെതിരെ ജാഗരൂകരാകണം എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
പ്രയാഗ് രാജിലെ മഹാകുംഭമേളയുടെ സംഘാടനത്തെ ഉപരാഷ്‌ട്രപതി പ്രകീർത്തിച്ചു.അമേരിക്കയിലെ ജനസംഖ്യയുടെ ഇരട്ടി കുംഭമേളയിൽ പങ്കെടുത്തു. കുംഭമേളയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി എന്ന് അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അനധികൃത കുടിയേറ്റക്കാരെ എങ്ങനെ ഒരു രാജ്യത്തിന് ഉൾകൊള്ളാനാകും എന്ന് ചോദിച്ച ഉപരാഷ്‌ട്രപതി വളരെ അത്യാവശ്യമായി ഈ വെല്ലുവിളി നേരിടേണ്ടതുണ്ടെന്നും ഒരോ ഭാരതീയനും ഇതേകുറിച്ച് ബോധവാന്മാരാകണം എന്നും ഉദ്‌ബോധിപ്പിച്ചു.
”ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി” എന്ന വിഷയത്തിലാണ് ഉപരാഷ്‌ട്രപതി പ്രഭാഷണം നടത്തിയത്. ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു.















