അമരാവതി: ആശാവർക്കർമാർക്ക് നൽകിയ വാക്കുപാലിച്ച് ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. Accredited Social Health Activists അഥവാ ആശമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടെയുള്ള പ്രസവാവധി, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ എന്നീ കാര്യങ്ങൾ അംഗീകരിച്ചുകൊണ്ട് ആന്ധ്രാ സർക്കാർ ഉത്തരവിറക്കി. ജനങ്ങൾക്കും ആരോഗ്യ സംവിധാനത്തിനും ഇടയിൽ സുപ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ആശമാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റുകൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.
30 വർഷത്തെ സേവനം അനുഷ്ഠിക്കുന്ന ഓരോ ആശാ പ്രവർത്തകയ്‌ക്കും 1.50 ലക്ഷം രൂപയുടെ വിരമിക്കൽ ആനുകൂല്യം ഇനി ലഭിക്കുന്നതാണ്. പുതിയ ഉത്തരവുകളുടെ പ്രയോജനം സംസ്ഥാനത്തെ 42,752 ആശമാർക്ക് ലഭിക്കും. ആശമാരുടെ ആദ്യ രണ്ട് പ്രസവങ്ങൾക്കും 180 ദിവസത്തേക്ക് പ്രസവാവധി (ശമ്പളമടക്കം) നീട്ടുന്ന തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരുന്നു. കൂടാതെ, ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 62 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം കേരളത്തിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്ക് നേരെ ഇപ്പോഴും കണ്ണടയ്‌ക്കുകയാണ് സംസ്ഥാന സർക്കാർ. ആശമാരുടെ സമരപന്തലിലേക്കെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആശമാരുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയേയും കണ്ട് ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.















