ചണ്ഡീഗഢ്: യുവകോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഹരിയാനയിലെ ബഹാദൂർഗഢ് സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയും ഹിമാനിയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. യുവാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
ഹിമാനി തന്നെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് പണം തട്ടിയെടുത്തതായി പ്രതി പൊലീസിന് മൊഴി നൽകി. ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് പ്രതിയുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഹിമാനിയുടെ മരണത്തിന് പിന്നിൽ രാഷ്‌ട്രീയമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ പാർട്ടിക്കകത്തുള്ള ആളുകൾ തന്നെയാകാം മകളെ കൊലപ്പെടുത്തിയതെന്നാണ് ഹിമാനിയുടെ അമ്മ പ്രതികരിച്ചത്.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള ഹിമാനിയുടെ സഹകരണവും അടുപ്പവും പാർട്ടിക്കകത്തുള്ള ചിലർക്ക് ഇഷ്ടമായിരുന്നില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. ഫെബ്രുവരി 27-നാണ് ഹിമാനി കുടുംബവുമായി അവസാനമായി സംസാരിച്ചത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹിമാനി നർവാളിന്റെ മൃതദേഹം റോഹ്തക്കിലെ ഒരു ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. പാർട്ടിയിലെ സജീവ പ്രവർത്തകയായിരുന്നു യുവതി. കഴിഞ്ഞ പത്ത് വർഷമായി ഹിമാനി കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയിലും ഹിമാനി പങ്കെടുത്തിരുന്നു.















