97-ാമത് ഓസ്കർ പുരസ്കാരവേദിയിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നടി എന്നിവയടക്കം അഞ്ച് അവാർഡുകൾ നേടി തിളങ്ങി ‘അനോറ’ (Anora). ഓസ്‌കറിൽ ഏറ്റവും കടുത്ത മത്സരം നേരിടുന്ന വിഭാഗങ്ങളിലൊന്നാണ് മികച്ച ചിത്രം. എമിലിയ പെരെസ്, ദി ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ്, എ കംപ്ലീറ്റ് അൺ നോൺ, ദ സബ്‌സ്റ്റൻസ് എന്നീ ചിത്രങ്ങൾ ഒന്നിനൊന്ന് കിടപിടിച്ചെങ്കിലും ഒടുവിൽ അനോറ നേടുകയായിരുന്നു.
സീൻ ബേക്കർ സംവിധാനം ചെയ്ത് അന്താരാഷ്‌ട്ര പ്രശംസ നേടിയ അനോറ മികച്ച സിനിമയ്‌ക്കുള്ള ഓസ്കർ അടക്കം അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ബ്രൂക്ലിനിലെ ലൈംഗികത്തൊഴിലാളിയായ യുവതി റഷ്യൻ യുവാവിനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അനോറ പറയുന്നത്.
അനോറയ്‌ക്കൊപ്പം ‘കോൺക്ലേവ്’ എന്ന സിനിമയാണ് അവസാന നിമിഷം വരെ ഏറ്റുമുട്ടിയത്. തീവ്രവും തീക്ഷ്ണവുമായ രീതിയിൽ കഥ പറഞ്ഞ രാഷ്‌ട്രീയ ത്രില്ലറായിരുന്നു കോൺക്ലേവ്. കത്തോലിക്കാ സഭയുടെ നാഥനായ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. ബ്രിട്ടീഷ് എഴുത്തുകാരനായ റോബർട്ട് ഹാരിസിന്റെ 2016ലെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മികച്ച സിനിമയുൾപ്പെടെ നാല് BAFTAകളും രണ്ട് ഗോൾഡൻ ഗ്ലോബും നേരത്തെ ‘കോൺക്ലേവ്’ നേടിയിരുന്നു.
ഇത്തവണത്തെ ഓസ്കർ വേദയിൽ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം അനോറയും കോൺക്ലേവും ഏറ്റുവാങ്ങി. മികച്ച ഒറിജിനൽ തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം അനോറ നേടിയപ്പോൾ, പീറ്റർ സ്‌ട്രോഗൻ എഴുതിയ കോൺക്ലേവ് മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരമാണ് സ്വന്തമാക്കിയത്.
അനോറയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ മൈക്കി മാഡിസൺ ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒമ്പതാമത്തെ അഭിനേത്രിയാണ്. സംവിധായകനായ സീൻ ബേക്കർ തന്നെയാണ് സിനിമയുടെ മറ്റ് നാല് അവാർഡുകളും ഏറ്റുവാങ്ങിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ നാല് പുരസ്കാരങ്ങളും ബേക്കറിന് ലഭിച്ചു. ഒരു സിനിമയ്‌ക്ക് വേണ്ടി നാല് അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങിയെന്ന അപൂർവ നേട്ടവും ഇനി ബേക്കറിന് സ്വന്തമാണ്. മറ്റ് പലരും നാല് പുരസ്കാരങ്ങൾ നേടിയ ചരിത്രമുണ്ടെങ്കിലും ഒരേ സിനിമയ്‌ക്ക് വേണ്ടി 4 അവാർഡുകൾ ഏറ്റുവാങ്ങുന്ന ആദ്യ കലാകാരനാണ് സീൻ ബേക്കർ.















