കൊച്ചി: എറണാകുളത്ത് ബ്രാൻഡഡ് ചോക്ലേറ്റിൽ രാസലഹരി ചേർത്ത് വിൽപ്പന തകൃതി. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടാണ് വിതരണവും വിൽപ്പനയും നടക്കുന്നതെന്നാണ് കണ്ടെത്തൽ. കടകളിൽ നിന്നും ചോക്ലേറ്റുകൾ വാങ്ങി ഇതിൽ ലഹരിവസ്തുക്കൾ ചേർത്ത് ആവശ്യക്കാരിൽ എത്തിക്കുന്ന വൻ സംഘം തന്നെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഈ സംഘത്തിൽ തന്നെ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 18 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന നിയമത്തിന്റെ പരിരക്ഷയാണ് ഇവർ ദുരൂപയോഗം ചെയ്യുന്നത്. കൊച്ചി നഗരത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ് ഇവരുടെ പ്രധാന ഇരകൾ.
ആദ്യപടിയായി ചോക്ലേറ്റിൽ ലഹരി ചേർത്ത ശേഷം പൊതിഞ്ഞ് ഭംഗിയാക്കി സമ്മാനമായി സംഘത്തിലെ ആൺകുട്ടികൾ മറ്റ് കുട്ടികൾക്ക് നൽകും. ഈ ചോക്ലേറ്റുകൾ ഉപയോഗിക്കുന്ന കുട്ടികൾ പിന്നീട് ഇതിന് ആസക്തരായി ലഹരി മാഫിയയുടെ ഭാഗമാകും.
ഇത്തരം ചോക്ലേറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം പേജുകളുണ്ട്. ഇതിലൂടെയും വിൽപ്പന നടക്കുന്നുണ്ടെന്നാണ് വിവരം. ഒടുവിൽ പണം ഇല്ലാതാകുമ്പോൾ മോഷണം നടത്തിയെന്ന് തുറന്ന് സമ്മതിക്കുന്നതും ഈ ഗ്രൂപ്പുകളിൽ കാണാം. പൊലീസ് പിടികൂടിയാലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്ക് ജാമ്യം ലഭിക്കും. ഇതാണ് സംഘം മുതലെടുക്കുന്നത്.