ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടില്ലെന്ന് ഇവർ മൊഴി മാറ്റി. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ ഇരുവരും മൊഴി മാറ്റിയത്. പ്രതിഭ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ഡിസംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒമ്പത് പേർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനും എക്സൈസ് കേസെടുത്തു. എന്നാൽ ഇതിനെതിരെ പ്രതിഭ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് കനിവിനെ കേസിൽ നിന്ന് ഒഴിവാക്കുമെന്ന തീരുമാനത്തിൽ എക്സൈസ് എത്തിയിരുന്നു. കനിവ് കഞ്ചാവ് വലിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ സാഹചര്യത്തിൽ കുട്ടനാട് എക്സൈസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.















