തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്ക് പത്ത് ദിവസം മാത്രം ബാക്കി നിൽക്കേ മുന്നോരുക്കങ്ങൾ ഊർജ്ജിതം. സുരക്ഷ ഉറപ്പാക്കാൻ 179 സിസിടിവി ക്യാമറകളും രണ്ട് നിരീക്ഷണ ടവറുകളും ആറ് ഡ്രോണുകളും സ്ഥാപിക്കാൻ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ തീരുമാനമായി.
പൊങ്കാല ദിവസം അന്നദാനം നടത്തുന്നവർക്ക് ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതുവരെ 42 പേരാണ് സർട്ടിഫിക്കറ്റിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊങ്കാലയ്‌ക്ക് ശേഷം കോർപ്പറേഷൻ ശേഖരിക്കുന്ന മാലിന്യങ്ങൾ ഈഞ്ചയ്‌ക്കൽ, പാപ്പനംകോട്, ചെറുവക്കൽ എന്നിവിടങ്ങളാണ് നിക്ഷേപിക്കുന്നത്. പൊങ്കാലയ്‌ക്ക് ശേഷം നഗരം വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ 2000 തൊഴിലാളികളെയും 125 ഉദ്യോഗസ്ഥരെയും സജ്ജമാക്കും. കുടിവെള്ളം വിതരണം ചെയ്യുന്നതിനും തെരുവുനായ്‌ക്കളെ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കും.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി 700 അധിക സർവ്വീസുകൾ നടത്തും. ആറ്റുകാൽ പൊങ്കാലയ്‌ക്ക് എത്തുന്ന ഭക്തർക്കായി ഏഴ് സ്‌പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഫയർ ആന്റ് റസ്‌ക്യൂ 112 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇതിൽ 29 പേർ വനിതകളാണ്. പൊങ്കാലയിടുന്ന സ്ഥലങ്ങളിൽ പ്രത്യേക പട്രോളിങ്ങും കുടിവെള്ള വിതരണവും നടത്തും.
കെഎസ്ഇ.ബി 9 സെക്ഷനുകളിലെ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 4 മുതൽ 14 വരെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കും. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സബ് കളക്ടർ ഒ.വി ആൽഫ്രഡ് പറഞ്ഞു.















